കൽപ്പറ്റ: വയനാട് നൂൽപ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭർത്താവ് ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചത്.
- Advertisement -
കാട്ടാന ശല്യം പ്രതിരോധിക്കാൻ നിർമിച്ച കിടങ്ങിൽ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തിടുക്കത്തിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.
തുടർന്ന് ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ഗോപി പൊലീസിനോട് സമ്മതിച്ചു.
- Advertisement -