കോഴിക്കോട്; പേരാമ്പ്രയില്‍ വധുവിന്റെ സാന്നിധ്യത്തില്‍ പള്ളിയില്‍ നിക്കാഹ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ നിരവധി പേരാണ് ഇതിന് പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ഇപ്പോള്‍ സംഭവത്തില്‍ നവവധു ബഹിജ ദലീല തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സ്വന്തം കല്യാണത്തിന് തനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നിക്കാഹ് നടത്തുന്നത് എന്തിനാണ് എന്നാണ് ബഹിജയുടെ ചോദ്യം.
- Advertisement -
കഴിഞ്ഞ ആഴ്ചയായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജ ദലീലയുടേയും സിവില്‍ എന്‍ജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമിന്റേയേും വിവാഹം. പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിലായിരുന്നു നിക്കാഹ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതിനല്‍കിയത്. നിക്കാഹ് കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുന്ന ബഹിജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിനു പിന്നാലെ സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു.
അച്ഛനും ഭര്‍ത്താവിനുമൊപ്പം നിക്കാഹ് കാണാന്‍ പറ്റിയത് അനുഗ്രഹമായാണ് ബഹിജ ദലീല കാണുന്നത്. തന്റെ കുടുംബത്തിലെ ആര്‍ക്കും ഇത്തരത്തില്‍ വിവാഹത്തിന് പങ്കെടുക്കാനായിട്ടില്ല. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും ബഹിജ ചോദിച്ചു.
പ്രവചിക്കാന്‍ പോലുമാകാത്ത വേഗതയിലാണ് ലോകം മാറുന്നതെന്നും പണ്ഡിതന്മാര്‍ എന്നു പറയുന്നവര്‍ അത് മനസിലാക്കണമെന്നും ഫഹദ് കാസിമും വ്യക്തമാക്കി.
”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല” പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.
എന്നാല്‍ ഭാവിയില്‍ ഇത്തരം വിവാഹങ്ങള്‍ അനുവദിക്കില്ലെന്നാണ് പള്ളി കമ്മിറ്റിയുടെ നിലപാട്. വധുവിന്റെ കുടുംബത്തെ നേരില്‍ കണ്ട് വിശ്വാസകാര്യങ്ങളില്‍ വീഴ്ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഫോട്ടോഷൂട്ട് നടത്തിയ പള്ളിയുടെ ഉള്ളില്‍ കുടുംബം അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു.
- Advertisement -