കൊച്ചി: സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസ് അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ, കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കേസുകളുടെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഓഫിസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെ ആണ് മാറ്റിയത്. ചെന്നൈയിലേക്കാണ് സ്ഥലംമാറ്റം.
- Advertisement -
10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി. കേസിന്റെ തുടർ നടപടികൾക്ക് നിലവിൽ കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടർ മേൽനോട്ടം വഹിക്കുമെന്നാണ് ഇ ഡി വീശദീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന് അടക്കം നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെയും രഹസ്യ മൊഴിയുടെയും പശ്ചാത്തലത്തിൽ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീണ്ടേക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് മാറ്റം. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
- Advertisement -