Ultimate magazine theme for WordPress.

റിസര്‍ച്ച് സ്‌കോര്‍ കുറവ്, അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്; പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

0

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ അഭിമുഖ പരീക്ഷയുടെ നിര്‍ണായക രേഖ പുറത്ത്. ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. എന്നാല്‍ അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആണ് പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമെന്ന് രേഖയില്‍ വ്യക്തമാകുന്നു.

 

- Advertisement -

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് നിര്‍ണായക വിവരങ്ങള്‍ പുരത്തു വന്നത്. പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 ആണ്. രണ്ടാം റാങ്ക് ലഭിച്ച ചങ്ങനാശ്ശേരി എസ്ബി കോളജിലെ അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. മൂന്നാം റാങ്കുള്ള സി ഗണേഷിന് 645 ആണ് റിസര്‍ച്ച് സ്‌കോര്‍.

അതേസമയം അഭിമുഖ പരീക്ഷയില്‍ പ്രിയക്ക് 50 ല്‍ 32 മാര്‍ക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്ക്ക് 30 ഉം, സി ഗണേശിന് 28 ഉം മാര്‍ക്കുകളാണുള്ളത്. പ്രകാശന്‍ പിപിക്ക് 26, മുഹമ്മദ് റാഫിക്ക് 22, റെജികുമാറിന് 21 എന്നിങ്ങനെയാണ് അഭിമുഖത്തില്‍ മറ്റു ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കുകള്‍.

പ്രിയവര്‍ഗീസിന്റെ നിയമനം വിവാദമായിരിക്കെയാണ് നിര്‍ണായക രേഖ പുറത്തു വരുന്നത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ഫോറം, അഭിമുഖത്തിലെ മാര്‍ക്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പുതിയ പരാതി കൂടി നല്‍കിയിട്ടുണ്ട്. നിയമനം ഉടനടി റദ്ദാക്കണമെന്നും, വലിയ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുജിസി അടിസ്ഥാനത്തിലുള്ള എട്ടുവര്‍ഷത്തെ അധ്യാപനപരിചയം പ്രിയക്ക് ഇല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.