Ultimate magazine theme for WordPress.

ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യമൊരുക്കും; മന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്‌സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉള്‍പ്പെടെയുള്ളവ അവര്‍ക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനും അല്ലാത്തപക്ഷം, ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അടുത്തേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അവ പൂര്‍ത്തീകരിക്കാനുമാണ് മന്ത്രിയുടെ നിര്‍ദ്ദേശം. തൃശൂരിൽ നടന്ന ‘വാഹനീയം’ പരാതി പരിഹാര അദാലത്തില്‍ ഇതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ.രാജന്‍ ഉന്നയിച്ച ആവശ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ഒപ്പുവച്ച മന്ത്രി, ഒരാഴ്ചയ്ക്കകം ഔദ്യോഗിക ഉത്തരവ് ഇറങ്ങുമെന്നും അറിയിച്ചു.

പൊതു അപേക്ഷകര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് നടക്കുന്ന ഇടങ്ങളില്‍ എത്തിച്ചേരാനും അഡാപ്റ്റഡ് വാഹനങ്ങളുമായി ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനുമുള്ള പ്രയാസമായിരുന്നു റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഫാദര്‍ സോളമന്റെ പരാതി കൂടി പരിഗണിച്ചായിരുന്നു ഇത്. പതിറ്റാണ്ടുകളായി ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഈയൊരു അദാലത്തില്‍ സാധ്യമായി എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ ഇവര്‍ക്കായി പ്രത്യേക ടെസ്റ്റുകള്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

- Advertisement -

Leave A Reply

Your email address will not be published.