ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ശിക്ഷ വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാസങ്ങള്‍ക്ക് മുന്‍പാണ് എട്ട് മുന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. അല്‍ ദഹ്‌റാ എന്ന കമ്പനിയില്‍ ജോലി ചെയ്യാനാണ് ഇവര്‍ പോയത്.ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനവും മറ്റു അനുബന്ധ ഉപകരണങ്ങളും നല്‍കുന്ന കമ്പനിയാണിത്. ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ പോയ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന വിവരം ഖത്തര്‍ നല്‍കിയിരുന്നില്ല. ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യവും ഖത്തര്‍ വ്യക്തമാക്കിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇവര്‍ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെയൊക്കെ ബന്ധപ്പെട്ടു എന്നിങ്ങനെ പലവിധത്തിലുള്ള റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴും ഇവര്‍ക്കെതിരെയുള്ള കുറ്റം എന്താണ് എന്ന കാര്യം ഖത്തര്‍ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് വിവരം. വിചാരണ അടക്കമുള്ള കാര്യങ്ങള്‍ രഹസ്യമായാണ് നടന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. വിചാരണയ്ക്ക് ശേഷം ഇപ്പോള്‍ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന വിവരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.