Ultimate magazine theme for WordPress.

സൂര്യഗായത്രി കൊലക്കേസ്; പ്രതിയുടെ പകയ്ക്ക് കാരണം പ്രണയനൈരാശ്യമല്ല… കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് പൊലീസ്

0

 

 

നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ ആര്യയെന്ന ഇരുപത് വയസ്സുകാരി സൂര്യഗായത്രിയെ പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ്.

- Advertisement -

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കഞ്ചാവിനും മദ്യത്തിനും അടിമയായ പ്രതി അരുൺ യുവതിയെ സ്വന്തമാക്കി ക്രിമിനൽ സംഘങ്ങൾക്ക് നൽകാനാണ് ശ്രമിച്ചിരുന്നത്. ഇയാളിൽ നിന്ന് രക്ഷപ്പെടാനാണ് കൊല്ലം സ്വദേശിയായ യുവാവിനൊപ്പം സൂര്യഗായത്രി നാടുവിട്ടത്.

നാട്ടിൽ മടങ്ങിയെത്തിയ യുവതി അരുണിനെ ഭയന്ന് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുക്കുകയായിരുന്നു. രഹസ്യമായി നിരീക്ഷിച്ച് വീട് തേടിപ്പിടിച്ചാണ് അരുൺ ഇവിടെയെത്തിയത്. അടുക്കള വാതിലിലൂടെ അകത്തുകടന്നതുകണ്ട വത്സല ബഹളംവച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കൈത്തണ്ടയിൽ കുത്തിപ്പരിക്കേല്പിച്ചു. സൂര്യ ഓടിയെത്തിയപ്പോൾ നിലത്തുവീഴ്ത്തി മുപ്പതിലേറെ തവണ കുത്തിയ ശേഷം ഇയാൾ സ്വയം കൈയ്ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാൻ ശ്രമിച്ചെന്ന് വരുത്തിത്തീർക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ മൊഴി നൽകി.

വത്സലയുടെ നിലവിളി കേട്ട് അയൽവാസികളെത്തിയപ്പോൾ പിറകിലെ ഇടവഴിയിലൂടെ അരുൺ രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ ടെറസിൽ നിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലാകുമ്പോൾ അരുൺ മദ്യലഹരിയിലായിരുന്നു. കൊലക്കത്തിയുമായി വ്യാജനമ്പർ പതിച്ച ബൈക്കിലെത്തിയത് സൂര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്കും അന്വേഷണത്തിനും ശേഷം ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. രണ്ടുദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞു. യുവതിയും അമ്മയും ലോട്ടറി വില്പന നടത്തിവന്ന കല്ലിംഗൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് അരുൺ ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങൾ താവളമാക്കിയതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.