Ultimate magazine theme for WordPress.

സ്‌കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി: മന്ത്രി വി ശിവൻകുട്ടി

0

 

 

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് നടപടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാകും സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്‌സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്.) ദേശീയ തലത്തിൽ 25-ാം സ്ഥാനവും സംസ്ഥാനതലത്തിൽ തുടർച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്‌സിറ്റി കോളേജിനെ പൂർവ്വവിദ്യാർത്ഥികൾ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിവേഴ്‌സിറ്റി കോളേജ് അലുമ്‌നി അസോസിയേഷൻ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത് . അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് കേരളത്തിൽ സവിശേഷ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികളെ പരമാവധി സഹായിക്കുന്ന മികച്ച അദ്ധ്യാപകർ, വിദ്യാർത്ഥികൾക്കിടയിലെ വർദ്ധിച്ച വനിതാപ്രാതിനിധ്യം എന്നിവയെല്ലാം യൂണിവേഴ്‌സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി കോളേജ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാൻ ഒരു സർക്കാർ തീരുമാനിച്ചപ്പോൾ എല്ലാവരും ചേർന്ന് എതിർത്തുതോല്പിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോൾ ഇതുവരെയെത്തി നിൽക്കുന്നു.

കലാലയത്തിന്റെ അഭിവൃദ്ധിയിൽ വിദ്യാർത്ഥികളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. റാഗിങ്, പ്രവേശനത്തിനുള്ള കോഴ തുടങ്ങിയ ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായിട്ടുണ്ട്. വിദ്യാർത്ഥി സംഘടന കലാലയങ്ങളിൽ അത്യാവശ്യമാണ്. എതിർക്കുന്നവർ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ നല്ല വശം നോക്കണം. ചെറിയ പോരായ്മകൾ ചൂണ്ടിക്കാട്ടി ആകെ എതിർക്കുന്ന നിലപാടു സ്വീകരിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ഉപഹാരം മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജ്ജ് ഡോ.എസ്.സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. കോളേജിലെ എൻ.ഐ.ആർ.എഫ്. നോഡൽ ഓഫീസർ ഡോ.വി.ജി.വിജുകുമാർ, വകുപ്പു മേധാവികളുടെ പ്രതിനിധി ഡോ.ബി.അശോകൻ, അദ്ധ്യാപക പ്രതിനിധി ഡോ.മനോമോഹൻ ആന്റണി, വിദ്യാർത്ഥി യൂണിയൻ പ്രതിനിധി ജിനിൽ സജീവ് തുടങ്ങിയവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.പി.ദീപക്ക് അദ്ധ്യക്ഷനായിരുന്നു. കോളേജിലെ മുൻ പ്രിൻസിപ്പൽമാരായ ഡോ.കെ.സുകുമാരൻ, പ്രൊഫ.ഗോപാലകൃഷ്ണൻ, അലുമ്‌നി അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.വേണുഗോപാൽ, സ്റ്റാഫ് അഡൈ്വസർ ഡോ.സജ്‌ന, ഡോ.നീനാ പ്രസാദ് തുടങ്ങിയവരും സംബന്ധിച്ചു.

ദേശീയ തലത്തിൽ 1,802 കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് 25-ാം സ്ഥാനത്ത് എത്തിയത്. പഠനം, പഠനസൗകര്യം, വിജയശതമാനം, ഗവേഷണം എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്കിങ്. അദ്ധ്യാപനത്തിലും പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ തൊഴിൽലഭ്യതയിലും രാജ്യത്തെ ആദ്യ 10 കോളേജുകൾക്ക് ലഭിച്ച ഗ്രേഡ് യൂണിവേഴ്‌സിറ്റി കോളേജും നേടി.

യൂണിവേഴ്‌സിറ്റി കോളേജിൽ 18 ബിരുദ കോഴ്‌സുകൾ, 20 ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, 13 എം.ഫിൽ കോഴ്‌സുകൾ എന്നിവയ്ക്കു പുറമെ 17 വിഭാഗങ്ങളിൽ ഗവേഷണവും നടക്കുന്നു. 221 അദ്ധ്യാപകരുള്ളതിൽ 90 ശതമാനവും ഗവേഷണ ബിരുദമുള്ളവരാണ്. 80ലേറെ പേർ വിവിധ തരം ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 600ലേറെ ഗവേഷണ പ്രബന്ധങ്ങളാണ് കോളേജിൽ നിന്നു പുറത്തുവന്നത്. ആകെയുള്ള 2,451 ബിരുദ വിദ്യാർത്ഥികളിൽ 1,439 പേരും 736 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ 593 പേരും പെൺകുട്ടികളാണ്. 80 ശതമാനം കെട്ടിടങ്ങളും ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമാണ്.

സർവ്വകലാശാല പരീക്ഷകളിൽ എല്ലാ വർഷവും ശരാശരി 30 റാങ്കുകളെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്കാണ്.
മാത്രവുമല്ല ഈ കോളേജിൽ നിന്നുള്ള കുട്ടികളുടെ വിജയശതമാനം വളരെ കൂടുതലാണ്. ഇവിടെ പഠിക്കുന്ന 80 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ടീമുകൾ കോളേജിലുണ്ട്. അതിനാൽത്തന്നെ ഇവിടെ വിദ്യാർത്ഥികളായി ഒട്ടേറെ ദേശീയ-സംസ്ഥാന താരങ്ങളുമുണ്ട്. കലാപ്രവർത്തനങ്ങളിലും കോളേജിന്റെ സ്ഥാനം ഏറ്റവും മുന്നിൽ തന്നെ. 26 ക്ലബ്ബുകളും കോളേജിൽ പ്രവർത്തിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി നാക് അക്രഡിറ്റേഷനിൽ യൂണിവേഴ്‌സിറ്റി കോളേജിന് എ ഗ്രേഡാണ്.

യൂണിവേഴ്‌സിറ്റി കോളേജിനെ പൈതൃക മന്ദിരമായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതിനാൽത്തന്നെ സർക്കാരിൽ നിന്നു സാമ്പത്തികസഹായം കൃത്യമായി ലഭിക്കുകയും അത് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രീകൃത ഗ്രന്ഥാലയം ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന്റെ പണി അവസാനഘട്ടത്തിലാണ്.

 

- Advertisement -

Leave A Reply

Your email address will not be published.