രവി പിള്ളയുടെ മകൻറെ വിവാഹം നടന്നത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി
കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ വിവാഹ ചടങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്നത് കോവിഡ് മാനദണ്ഡം ലംഘിച്ചാണെന്ന് ഹൈക്കോടതി. വിവാഹത്തിന് 12 പേർ മാത്രം പങ്കെടുക്കാവൂ എന്ന ചട്ടം നിലനിൽക്കേ നിരവധി പേർ പങ്കെടുത്തുവെന്നും ദൃശ്യങ്ങളിൽ ആൾക്കുട്ടം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹത്തിനായി ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരേ നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റീസുമാരായ കെ.ബാബുവും അനിൽ കെ. നരേന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് നടപടി സ്വീകരിച്ചത്. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം നടപ്പന്തലിൽ വരുത്തി. വിവാഹസമയത്ത് നടപ്പന്തലിൻറെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും കോടതി ചോദിച്ചു.
- Advertisement -
വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവരെന്നോ കൂലിപ്പണിക്കാരെന്നോ വിവേചനമില്ല. എല്ലാ വിശ്വാസികൾക്കും ക്ഷേത്രത്തിൽ ഒരേപോലെ വിവാഹം നടത്താൻ അവകാശമുണ്ട്. ക്ഷേത്രത്തിലെ മൂന്ന് വിവാഹ മണ്ഡപങ്ങളിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റിവച്ചോ എന്നും അന്നേദിവസം എത്ര കല്യാണം ക്ഷേത്രത്തിൽ നടന്നുവെന്നും ചോദിച്ചു.
സുരക്ഷാ ചുമതല നിർവഹിച്ചത് ദേവസ്വം ജീവനക്കാർ തന്നെയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തൃശൂർ എസ്പി, സെക്ടറൽ മജിസ്‌ട്രേറ്റ്, രവി പിള്ള എന്നിവരെ കേസിൽ കക്ഷി ചേർത്ത കോടതി കല്യാണ ചടങ്ങിൻറെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനും നിർദ്ദേശം നൽകി. കേസ് ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
- Advertisement -