തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിൽ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കെഎസ്യു. സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയും ബിജെപി നേതാക്കളും അടങ്ങുന്ന സംഘം പുത്തൂരിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് പോലീസ് ഓഫീസറെ വിളിച്ച് വരുത്തി സല്യൂട്ട് അടിപ്പിച്ചത്.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒല്ലൂർ എസ്ഐ തന്നെ കണ്ടിട്ടും ഇറങ്ങി വരാതെ ജീപ്പിലിരിക്കുന്നത് കണ്ടതോടെയാണ് സുരേഷ് ഗോപി പ്രകോപിതനായത്. താനൊരു എംപിയാണ്. ഒരു സല്യൂട്ടൊക്കെ ആകാം. ആ ശീലമൊന്നും മറക്കരുത്. താൻ മേയറല്ല എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്. ഇതോടെ എസ്ഐ സുരേഷ് ഗോപിക്ക് സല്യൂട്ട് നൽകുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സുരേഷ് ഗോപിയുടെ പ്രവർത്തിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
- Advertisement -
അതേസമയം പോലീസ് ഉദ്യോഗസ്ഥനോട് താൻ നിർബന്ധിച്ച് സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും അക്കാര്യം ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് സുരേഷ് ഗോപി എംപിയുടെ വിശദീകരണം. താൻ സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ഇറങ്ങിയില്ലെന്നും അതെന്ത് മര്യാദ ആണെന്നുമാണ് സുരേഷ് ഗോപി ചോദിക്കുന്നത്. നിർബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യിച്ചതിനെതിരെ പോലീസ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പോലീസ് അസോസിയേഷൻകാർ രാഷ്ട്രീയക്കാരാണ് എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
- Advertisement -