Ultimate magazine theme for WordPress.

രണ്ടാം തരംഗം; കോവിഡ് കേസുകളില്‍ 62 ശതമാനവും കേരളത്തില്‍; ജാഗ്രത തുടരണമെന്ന് കേന്ദ്രം

0

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍. 62.73 ശതമാനം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്സവസീസണ്‍ അടുക്കുകയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ജാഗ്രത തുടരണമെന്നും രാജേഷ് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കി.തുടര്‍ച്ചയായ 12-ാമത്തെ ആഴ്ചയും രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. രോഗമുക്തി നിരക്ക് 97.8 ശതമാനമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് 18 വയസിന് മുകളിലുള്ള 66 ശതമാനം ആളുകളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞു. 23 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

- Advertisement -

ആറ് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ നൂറ് ശതമാനം പൂര്‍ത്തിയായി. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍, സിക്കിം എന്നിവിടങ്ങളിലാണ് ഒരു ഡോസ് വാക്‌സിനില്‍ നൂറ് ശതമാനം എന്ന നേട്ടം കൈവരിച്ചത്. കേരളം ഉള്‍പ്പെടെ ചില  സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കടന്നതായും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

രാജ്യത്ത് ജനസംഖ്യയുടെ നാലില്‍ ഒരുഭാഗം സമ്പൂര്‍ണ വാക്‌സിനേഷനില്‍ എത്തിയതായി വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വാക്‌സിന്‍ നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.