Ultimate magazine theme for WordPress.

കോവിഡ് വന്ന് 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായധനം

0

ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായധനം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് ബാധിച്ചവർ ആത്മഹത്യ ചെയ്താൽ അതിനെ കോവിഡ് മരണമായി കണക്കാക്കിക്കൂടേയെന്ന് സുപ്രീംകോടതി ഈയിടെ സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപവീതം സംസ്ഥാന ദുരിതാശ്വാസനിധിയിൽനിന്ന് സഹായധനം നൽകുമെന്ന് കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനുമുമ്പ്, കോവിഡ് മരണമാണോ എന്നുനിശ്ചയിക്കുന്നതിനുള്ള മാർഗരേഖ സർക്കാർ ഇറക്കിയിരുന്നു. അതുപ്രകാരം ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം, അപകടമരണം എന്നിവയെ കോവിഡ് മരണമായി കണക്കാക്കില്ല. എന്നാൽ, കോവിഡ് ബാധിച്ചവർ ആത്മഹത്യചെയ്താൽ അതിനെ കോവിഡ് മരണമായിത്തന്നെ കാണുന്നത് പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

- Advertisement -

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗരേഖപ്രകാരം കോവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തിയവയ്ക്കാണ് സഹായധനം നൽകുക. മരിച്ചവരുടെ ബന്ധുക്കൾ സംസ്ഥാന അതോറിറ്റികൾ പുറത്തിറക്കുന്ന ഫോമുകൾ പൂരിപ്പിച്ച് സഹായധനത്തിനായി അപേക്ഷ നൽകണം. കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾകൂടെ സമർപ്പിക്കണം. അപേക്ഷകളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ സഹായധനം നൽകാനുള്ള തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. മറ്റൊരു രാജ്യത്തിനും സാധിക്കാത്തതാണ് ഇന്ത്യ ചെയ്തതെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

ഇക്കാര്യത്തിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്നും പ്രയാസമനുഭവിച്ചവർക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും ജസ്റ്റിസ് ഷാ പറഞ്ഞു. ”കോവിഡ് മരണത്തിന്റെ നഷ്ടം നികത്താൻ നമുക്കാവില്ല. എന്നാൽ, ചിലതെങ്കിലും ചെയ്യാനാകും” -സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ ദുരന്തനിവാരണനിധിയിൽനിന്നാണ് അരലക്ഷം രൂപ സഹായധനം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോവിഡ് മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ നേരിടുന്ന പ്രയാസം ആശങ്കയുണ്ടാക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാം കോവിഡ് തരംഗ സമയത്ത് ചില ആശുപത്രികൾ മെഡിക്കൽ രേഖകൾ നൽകാതെയാണ് മൃതദേഹങ്ങൾ അവിടെനിന്ന് ഒഴിവാക്കിയതെന്നും കോടതി പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.