ഷാർജ: ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ആറുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർകിങ്സ്. ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡു എന്നിവർ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളർമാരും വിജയത്തിൽ നിർണായക ഘടകമായി. ബാംഗ്ലൂർ: 20 ഓവറിൽ ആറിന് 156, ചെന്നൈ:18.1 ഓവറിൽ നാലിന് 157.
ഈ വിജയത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. യു.എ.ഇയിൽ ബാംഗ്ലൂരിന്റെ തുടർച്ചയായ ഏഴാം തോൽവിയാണിത്. 157 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് ഓപ്പൺ ചെയ്തത്. വളരെ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. മോശം പന്തുകളിൽ റൺസ് നേടിക്കൊണ്ട് ഇരുവരും സ്‌കോർ ഉയർത്തി. 5.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം പവർപ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ഡുപ്ലെസിയും ഋതുരാജും ചേർന്ന് നേടിയത്.
- Advertisement -
മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന ചെന്നൈ ഓപ്പണിങ് കൂട്ടുകെട്ടിന് വിള്ളൽ വരുത്തിക്കൊണ്ട് ചാഹൽ ഋതുരാജിനെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 38 റൺസെടുത്ത ഋതുരാജിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ കോലിയാണ് പുറത്താക്കിയത്. ഡുപ്ലെസ്സിയ്ക്കൊപ്പം ആദ്യ വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്. ചെന്നൈ പടയെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ഓവറിൽ ഗ്ലെൻ മാക്സ്വെൽ അപകടകാരിയായ ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 31 റൺസെടുത്ത ഡുപ്ലെസ്സിയെ മാക്സ്വെൽ നവ്ദീപ് സൈനിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ചെന്നൈ 71 ന് പൂജ്യം എന്ന സ്‌കോറിൽ നിന്ന് 71 രണ്ട് എന്ന നിലയിലേക്ക് വീണു.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച മോയിൻ അലിയും അമ്പാട്ടി റായുഡുവും ചേർന്ന് 12 ഓവറിൽ ടീം സ്‌കോർ 100 കടത്തി. എന്നാൽ സ്‌കോർ 118-ൽ നിൽക്കെ 18 പന്തുകളിൽ നിന്ന് 23 റൺസെടുത്ത മോയിൻ അലിയെ വിരാട് കോലിയുടെ കൈയ്യിലെത്തിച്ച് ഹർഷൽ പട്ടേൽ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. മോയിൻ അലി മടങ്ങിയിട്ടും ചെന്നൈയുടെ ബാറ്റിങ് വീര്യം ചോർന്നില്ല. മറുവശത്ത് അമ്പാട്ടി റായുഡു കത്തിക്കയറിയതോടെ ചെന്നൈ വിജയത്തിലേക്ക് നീങ്ങി. എന്നാൽ നിർണായക സമയത്ത് റായുഡുവിന്റെ വിക്കറ്റെടുത്ത് ഹർഷൽ പട്ടേൽ ബാംഗ്ലൂരിന്റെ വിജയസാധ്യത സജീവമാക്കി. 22 പന്തുകളിൽ നിന്ന് 32 റൺസാണ് താരം നേടിയത്.
പിന്നീട് ക്രീസിലൊന്നിച്ചത് റെയ്നയും ധോനിയുമാണ്. ആദ്യം റൺസ് കണ്ടെത്താൻ ഇരുവരും വിഷമിച്ചെങ്കിലും പതിയേ മത്സരത്തിലേക്ക് വന്ന ഇരുവരും ചേർന്ന് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. റെയ്ന 17 റൺസെടുത്തും ധോനി 11 റൺസ് നേടിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചാഹലും മാക്സ്വെല്ലും ഓരോ വിക്കറ്റ് സ്വന്തമാക്കി.
- Advertisement -