തൃശൂർ: മികച്ച റാങ്ക് നേടാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ തൃശൂർ, കോലാഴി സ്വദേശിനി കെ. മീര. കഴിഞ്ഞ നാല് വർഷമായുള്ള പരിശ്രമത്തിന്റെ ഫലമാണിത്. ഇത്രയും മികച്ചൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും റാങ്ക് നേട്ടത്തിന് പിന്നാലെ മീര പ്രതികരിച്ചു.
ടീച്ചറായ അമ്മയാണ് സിവിൽ സർവീസിലേക്ക് വഴികാട്ടിയത്. സർവീസിലേക്കെത്തിയാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന അമ്മയുടെ മാർഗനിർദേശമാണ് കാര്യങ്ങൾ ഇവിടെ വരെയെത്തിച്ചത്. പരീക്ഷ എഴുതാനും റാങ്ക് നേടിയെടുക്കാനുമെല്ലാം അമ്മയായിരുന്നു പ്രചോദനം. എയർഫോഴ്സിൽ പോകാനായിരുന്നു കുട്ടിക്കാലത്തുള്ള ആഗ്രഹം. എന്നാൽ മെഡിക്കൽ യോഗ്യത ലഭിച്ചില്ല. പിന്നീട് ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെയാണ് നാട്ടിലേക്ക് തിരിച്ചുവരണമെന്നും എന്തെങ്കിലുമെല്ലാം നേടിയെടുക്കണമെന്നും അതിയായ ആഗ്രഹമുണ്ടായത്. 2017 നംവബറിൽ ബെംഗളൂരുവിലെ എൻജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
- Advertisement -
2018 മുതൽ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലം. എന്നാൽ അടുത്ത അവസരത്തിൽ നേടിയെടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ചെയ്ത് കാണിക്കണമെന്നും ആഗ്രഹിച്ചു. നാല് വർഷത്തെ പരിശ്രമത്തിൽ ആഗ്രഹിച്ച നേട്ടത്തിലെത്താനായി.
കേരള കേഡർ വേണമെന്നാണ് ആഗ്രഹം. ഏത് മേഖലയിലായാലും ഏൽപ്പിക്കുന്ന ജോലികൾ നന്നായി ചെയ്യണമെന്നാണ് ആഗ്രഹം. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും അവരുടെ ഉന്നമനത്തിനുമായും ഏറെ കാര്യങ്ങൾ നിറവേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മീര പറഞ്ഞു. തൃശൂർ തിരൂർ സ്വദേശി കെ രാംദാസിന്റെയും കെ രാധികയുടെയും മൂത്ത മകളാണ് മീര. സഹോദരി:വൃന്ദ.
761 പേരാണ് ഇത്തവണ സിവിൽ സർവീസിന് യോഗ്യത നേടിയത്. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി അശ്വതി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്. മീരയ്ക്ക് പുറമേ മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി.
- Advertisement -