സംഘ്പരിവാർ മനസുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി എം സുധീരൻ തലവേദന തന്നെയാണെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം വി ജയരാജൻ. മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ എന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
- Advertisement -
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വി.എം സുധീരനും കോൺഗ്രസിന് മാലിന്യമായോ?
മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ?. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തുടർച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകർച്ചക്കും കാരണം ജനവിരുദ്ധ ആഗോളവൽക്കരണ സ്വകാര്യവൽക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരൻ. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയൻ പാരമ്പര്യം പലപ്പോഴും കോൺഗ്രസ് നേതൃത്വത്തെ ഓർമ്മിപ്പിക്കാറുമുണ്ട്. സംഘപരിവാർ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരൻ ഒരു തലവേദന തന്നെയാണ്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ സുധീരന്റെ നിർദ്ദേശങ്ങൾ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമർശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ്. കേരളത്തിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേർക്കൽ എളുപ്പമല്ല. ‘മാലിന്യങ്ങളായിരിക്കും’ ഇളകിയ അടിത്തറയിലൂടെ ഊർന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നത്.
- Advertisement -