ന്യൂഡൽഹി: സംസ്‌കാരം, മൂല്യം, പാരമ്പര്യം എന്നിവ നശിപ്പിക്കുന്ന ഒരു ചിന്താധാരയെ എതിർക്കാനാണ് കോൺഗ്രസിൽ ചേരുന്നതെന്നു കനയ്യ കുമാർ. കോൺഗ്രസ് തകർന്നാൽ രാജ്യം തകരും. രാജ്യം 1947ന് മുൻപേ ഉള്ള സ്ഥിതിയിലേക്കു പോയി. ഇന്ത്യയുടെ ചരിത്രം പേറുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രതിപക്ഷം തളർന്നാൽ രാജ്യത്ത് ഏകാധിപത്യം വളരും. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ ആർക്കും കഴിയില്ലെന്നും കനയ്യ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
സിപിഐയോടു നന്ദിയുണ്ട്. പക്ഷേ വലിയ പ്രതിപക്ഷ പാർട്ടിയെ നിലനിർത്തണം. കോൺഗ്രസ് നിലനിന്നാലേ രാജ്യം നിലനിൽക്കുവെന്നും കനയ്യ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്നതെന്നും അതു നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
- Advertisement -
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തുവച്ചാണ് യുവനേതാക്കളെ പാർട്ടിയിലേക്കു സ്വീകരിച്ചത്. ജിഗ്‌നേഷ് മേവാനി പാർട്ടി അംഗത്വം പിന്നീടു സ്വീകരിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പ്രതിരൂപമാണ് കനയ്യയെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. മതമൗലികവാദത്തിനെതിരെ വിദ്യാർഥി നേതാവെന്ന നിലയിൽ അദ്ദേഹം പോരാടി. കനയ്യയുടെ വരവ് പാർട്ടിക്ക് ആവേശം നൽകുന്നതാണെന്നും വേണുഗോപാൽ പറഞ്ഞു.
- Advertisement -