Ultimate magazine theme for WordPress.

കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ശൈത്യകാലത്തോ?

0

കഴിഞ്ഞ കുറച്ച് ആഴ്ചയായി ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ജനജീവിതം ഏറെക്കുറെ സാധാരണ നില കൈവരിച്ചു. എന്നാൽ ശൈത്യകാലമെത്തുന്നതോടെ കോവിഡിൻറെ മൂന്നാം തരംഗം രാജ്യത്തുണ്ടാകാനുള്ള സാധ്യത ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും തള്ളിക്കളയുന്നില്ല.

ഒക്ടോബർ നാലിലെ കണക്ക് അനുസരിച്ച് രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 2,71,550 ആണ്. ഇത് 199 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാപനനിരക്കിനെ അടയാളപ്പെടുത്തുന്ന ആർ നമ്പരും ഓഗസ്റ്റിലെ 1.17ൽ നിന്ന് സെപ്റ്റംബർ പകുതിയോടെ 0.92 ആയി കുറഞ്ഞിട്ടുണ്ട്.

- Advertisement -

എന്നാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ സ്ഥിതി മാത്രം ആശങ്കയുളവാക്കുന്നതാണ്. പുതിയ കേസുകളിൽ 86 ശതമാനവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽത്തന്നെ കേരളത്തിലാണ് 59 ശതമാനം പുതിയ കേസുകളും. കേരളം, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ വൈറസിൻറെ ഹോട് സ്‌പോട്ടായി മാറിയിട്ടുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധ ഡോ. രച്‌ന കുചേരിയ പറയുന്നു.

കോവിഡ് ആൻറിബോഡികൾ വൈറസിനെതിരെ നൽകുന്ന സംരക്ഷണം കുറഞ്ഞു വരുന്നതും വീണ്ടുമൊരു തരംഗത്തിന് കാരണമാകാം. രണ്ടാം തരംഗത്തിൻറെ മൂർദ്ധന്യാവസ്ഥ ഏപ്രിലിലായിരുന്നു എന്നു കണക്കാക്കിയാൽ ഒക്ടോബർ മാസത്തോടെ ഇത് ആറു മാസം പിന്നിടുകയാണ്. പലരിലും ആൻറിബോഡി നൽകുന്ന സംരക്ഷണം ഈ കാലയളവിൽ കുറഞ്ഞു വരുമെന്നത് ആശങ്കയുളവാക്കുന്നതാണ്.

ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ഉത്സവകാലവും കോവിഡ് തരംഗത്തിലേക്ക് വഴിവയ്ക്കാം. ദുർഗപൂജ, ദസറ, ദീപാവലി ഉൾപ്പെടെ നിരവധി ആഘോഷങ്ങളാണ് വരും മാസങ്ങളിൽ ആഘോഷിക്കപ്പെടുക. കർശന പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപരിപാടികൾ നടത്താൻ പല സംസ്ഥാന സർക്കാരുകളും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഉത്സവകാലത്ത് ജനങ്ങൾ ചുറ്റി നടക്കുകയും കൂട്ടം കൂടുകയും ചെയ്യുന്നത് വീണ്ടും കാര്യങ്ങൾ വഷളാക്കാം. മണിക്കൂറുകളോളം നീളുന്ന ഇന്ത്യയിലെ ആഘോഷപരിപാടികൾ വൈറസിന് ഒരാളിൽനിന്ന് അടുത്തയാളിലേക്ക് എന്ന മട്ടിൽ പെട്ടെന്നു പകരാൻ അവസരം നൽകുമെന്നും പകർച്ചവ്യാധി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഊർജിതമായ വാക്‌സീൻ വിതരണവുമായി മുന്നോട്ട് പോകായാൽ മൂന്നാം തരംഗം അത്ര ഭീകരമാവില്ല എന്നാണ് കണക്കുകൂട്ടൽ.. ഈ നിലയ്ക്കുള്ള പ്രവർത്തനങ്ങളിലാണ് സർക്കാരും ആരോഗ്യസംവിധാനവും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.