ദില്ലി: ലഖിംപുർ ഖേരി സംഘർഷത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. സംഘർഷത്തിൽ ആരെയങ്കിലും അറസ്റ്റ് ചെയ്‌തോ എന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. മരിച്ച ലവ്പ്രീത് സിംഗിന്റെ അമ്മയ്ക്ക് ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ലഖിംപുരിലേക്ക് പോകാൻ ശ്രമിച്ച പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനെയും മൂന്ന് പഞ്ചാബ് മന്ത്രിമാരെയും സഹറൻപുരിൽ കസ്റ്റഡിയിലെടുത്തു.
ലഖിംപുർ ഖേരി സംഘർഷത്തിൽ സ്വമേധയാ സുപ്രീംകോടതി കേസെടുത്തു എന്നാണ് ഇന്നലെ നൽകിയ അറിയിപ്പ്. എന്നാൽ രണ്ട് അഭിഭാഷകർ നൽകിയ കത്ത് പൊതുതാല്പര്യ ഹർജിയാക്കാനാണ് തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇന്ന് വിശദീകരിച്ചു. കേസെടുത്ത സാഹചര്യത്തിൽ ഇതിന്റെ വിശദാംശം അറിയണമെന്ന് ചീഫ് ജസ്റ്റിസ് യുപി പൊലീസിന് നിർദ്ദേശം നൽകി.
- Advertisement -
ആർക്കൊക്കെ എതിരെയാണ് കേസ്, ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്ന് യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകി. കോടതി ഇടപെടലിന് പിന്നാലെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സൂചന. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്കിനെക്കുറിച്ച് ഇവർ മൊഴി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മരിച്ച കർഷകരിൽ ഒരാളായ ലവ്പ്രീത് സിംഗിന്റെ അമ്മ തളർന്നു വീണ ശേഷം സ്ഥിതി ഗുരുതരമാണെന്ന് സുപ്രീംകോടതിയെ ചിലർ അറിയിച്ചു. അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു എന്ന് യുപി സർക്കാർ പറഞ്ഞു.
സുപ്രീംകോടതി കേസെടുത്ത പശ്ചാത്തലത്തിൽ ഇന്നലെ രാത്രി തന്നെ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയെ കമ്മീഷനായി നിയോഗിച്ചിരുന്നു. കേസ് നാളെ പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. സംഭവം നടന്നു അഞ്ചാദിനവും ആരെയും അറസ്റ്റു ചെയ്യാത്ത യുപി പൊലീസ് സുപ്രീംകോടതിയുടെ സമ്മദ്ദം കാരണമാണ് ഇന്ന് നടപടികളിലേക്ക് നീങ്ങുന്നത്.
- Advertisement -