കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൻറെ ബലക്ഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതലയോഗം ചേരും. ഗതാഗത മന്ത്രി ആൻറണി രാജു, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാൻഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമുച്ചയം പൂർത്തിയായതിനു പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്. തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
- Advertisement -
കോഴിക്കോട് നഗരത്തിലെ കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിലാണ് കെട്ടിട നിർമാണത്തിൻറെ അപാകതകൾ അക്കമിട്ട് നിരത്തിയത്. കോൺക്രീറ്റ് തൂണുകൾക്ക് ആവശ്യത്തിന് കമ്ബി ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിൻറെ പല ഭാഗത്തും വിള്ളലുകൾ വീണു. കെട്ടിടത്തിൽ ചോർച്ചയും ബലക്ഷയവും ഉണ്ട്. സ്ട്രക്ചറർ എഞ്ചിനീയറുടെ വൈദഗ്ധ്യം നിർമാണത്തിൽ കാണാൻ കഴിയുന്നില്ല. അടിയന്തരമായി ബലപ്പെടുത്താതെ ബസ് സ്റ്റാൻഡ് പ്രവർത്തിക്കരുതെന്നാണ് ഐ.ഐ.ടി റിപ്പോർട്ട് പറയുന്നത്.
2015ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്.
- Advertisement -