കൊച്ചി: വിവാദമായ ദത്ത് നടപടിക്കു പിന്നാലെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ തിരുവനന്തപുരം സ്വദേശി അനുപമ എസ്.ചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി മാറ്റി.
- Advertisement -
ഹർജി ഹൈക്കോടതി നാളത്തേക്ക് പരിഗണിക്കാനാണ് തീരുമാനം. കുടുംബകോടതിയിൽ കേസ് നിലനിൽക്കുകയല്ലേയെന്നും പിന്നെന്തിനാണ് ഹേബിയസ് കോർപ്പസ് എന്നും കോടതി ചോദിച്ചു. പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി പറഞ്ഞു. എന്തായാലും ഹൈക്കോടതിയിൽ നിന്നും അനുപമയ്ക്ക് അനുകൂലമായ തീരുമാനമല്ല ഉണ്ടായതെന്നും വേണം കരുതാൻ.
2020 ഒക്ടോബർ 19 ന് താൻ ജന്മം നൽകിയ കുഞ്ഞിനെ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജെയിംസും ചേർന്ന് എടുത്തുകൊണ്ട് പോയെന്നും കുഞ്ഞിനെ വിട്ടുകിട്ടാൻ ശിശുക്ഷേമ സമിതിയടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കാട്ടിയാണ് അനുപമ ഹർജി നൽകിയിരിക്കുന്നത്. പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ മാതാപിതാക്കൾ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയിൽ ഉപേക്ഷിച്ചെന്നും അനുപമ ഹർജിയിൽ ആരോപിക്കുന്നുണ്ട്. കുഞ്ഞ് എവിടെയാണെന്ന് അറിയില്ല. ഒരു വർഷമായി കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിലാണ് താൻ. അന്യായ തടങ്കലിലാക്കി ഉപേക്ഷിച്ച് കുഞ്ഞിന്റെ മൗലികാവകാശങ്ങൾ നിഷേധിച്ചു. ശിശുക്ഷേമ സമിതിക്കും പൊലിസിനും പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു.
- Advertisement -