ന്യൂഡൽഹി: ലോക രാജ്യങ്ങൾക്ക് ഭീതി പടർത്തി കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പിടിച്ചുകെട്ടാൻ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് മരുന്നു കമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്‌സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും കമ്പനികൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങൾ കമ്പനി ശേഖരിച്ചുവരികയാണ്.
- Advertisement -
കോവിഡിന്റെ, വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാൻ അതിർത്തികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങൾക്കു പിന്നാലെ ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്‌ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗ വ്യാപനശേഷിയുള്ള വൈറസെത്തിയത് സ്ഥിതി സങ്കീർണമാക്കി. ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാർ ഒമിക്രോൺ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. ഒമിക്രോൺ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാൽ യാത്രാനിരോധനങ്ങളിൽ കഴമ്പില്ലെന്നാണ് പകർച്ചവ്യാധി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
- Advertisement -