മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിലൊന്നായ ‘മിന്നല്‍ മുരളി’ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നത്. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങളും ടീസറുകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ക്രിസ്‍മസ് ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘നിറഞ്ഞു താരകങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്.
അതേസമയം നെറ്റ്ഫ്ലിക്സ് പ്രീമിയറിനു മുന്‍പേ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. ഈ മാസം 16നായിരുന്നു ജിയോ മാമിയിലെ പ്രദര്‍ശനം. നായകന്‍ ടൊവീനോ തോമസ്, സംവിധായകന്‍ ബേസില്‍ ജോസഫ്, നിര്‍മ്മാതാവ് സോഫിയ പോള്‍ എന്നിവരൊക്കെ പ്രീമിയറിന് എത്തിയിരുന്നു. ആദ്യ പ്രദര്‍ശനത്തിനു ശേഷം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും കൊടുക്കാത്ത തരത്തിലുള്ള പ്രൊമോഷനാണ് നെറ്റ്ഫ്ലിക്സും ചിത്രത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 24 ആണ് റിലീസ് തീയതി.