കേരളത്തിൽ ഡബ്ബ് ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളിൽ റെക്കോർഡ് നേട്ടവുമായി ‘പുഷ്പ’. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പതിപ്പ് കേരളത്തിൽ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളിൽ കലക്ട് ചെയ്തത്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ മലയാളം പതിപ്പ് പുറത്തിറക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.
അതേസമയം ചിത്രം ജനുവരി ഏഴ് മുതൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്. ഡിസംബർ 17ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 300 കോടിയാണ്.
സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആണ് സൗണ്ട് എന്‍ജിനീയർ. മലയാളത്തിൽ ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം റിലീസിനെത്തിച്ചത്.
- Advertisement -