Ultimate magazine theme for WordPress.

സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ?; സില്‍വര്‍ലൈനില്‍ നാലു ചോദ്യങ്ങളുമായി ഹൈക്കോടതി

0

കൊച്ചി:  സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതുള്‍പ്പെടെ നാലുകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്നും കോടതി നിരീക്ഷിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേയും അതിര്‍ത്തി നിര്‍ണയവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി തേടിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടാണോ ഇത്തരത്തില്‍ സര്‍വേയുടെ പേരിലുള്ള കല്ലിടല്‍ നടത്തുന്നത് എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണം. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അനുമതി ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

- Advertisement -

അതിരടയാള കല്ലുകളുടെ വലിപ്പം സംബന്ധിച്ചാണ് കോടതിയുടെ മറ്റൊരു ചോദ്യം. സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ എന്ന് കോടതി ചോദിച്ചു. സര്‍വേയ്ക്ക് ഉപയോഗിക്കുന്ന കല്ല് സംബന്ധിച്ച് സര്‍വേയുമായി ബന്ധപ്പെട്ട നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും കോടതി ആവശ്യപ്പെട്ടു.

നിര്‍ദിഷ്ട പാത പുതുച്ചേരിയിലൂടെ കടന്നു പോകുന്നുണ്ടോ എന്നതാണ് നാലാമത്തെ ചോദ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?, സംസ്ഥാനത്തിന് പുറത്തുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി. ഇതില്‍ വ്യക്തത വരുത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. ബലംപ്രയോഗിച്ച് സ്വകാര്യ ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇത്തരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചാല്‍ വായ്പ ലഭിക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും കോടതി ചോദിച്ചു.

ഇക്കാര്യത്തില്‍ കെ റെയില്‍ എംഡി ഹൈക്കോടതിയില്‍ നേരത്തെ തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് സര്‍വ്വേയുടെ ഭാഗമായുള്ള തുടര്‍നടപടികള്‍ മാത്രമാണ്.ഏതെങ്കിലും തരത്തില്‍ ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടില്ല. പൊലീസിനെ ഉപയോഗിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്താനല്ല. ഉപകരണങ്ങള്‍, സര്‍വ്വേയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ എന്നിവയുടെ സംരക്ഷണത്തിന് മാത്രമാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.