Ultimate magazine theme for WordPress.

‘കെ കരുണാകരന്‍ ആരംഭിച്ച പാരമ്പര്യം; ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്തവരോട് എന്തുപറയാന്‍’; കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന്‍

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തതില്‍ കെ വി തോമസ് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഫ്താര്‍ സംഗമം എന്താണെന്ന് അറിയാത്ത ഒരാളോട് എന്തു മറുപടി പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. അതിന്റെ ലക്ഷ്യമറിയാത്ത ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്? ഇഫ്താറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിലക്ക് ഉണ്ടായിരുന്നില്ല.

തന്റെ പാര്‍ട്ടി നേതാക്കള്‍ക്ക് ഒപ്പമാണ് പരിപാടി നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇഫ്താര്‍ സംഗമം നടത്തിയത്. കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കെ കരുണാകരന്‍ ആരംഭിച്ച പാരമ്പര്യമാണ്. താനത് തുടരുക മാത്രമാണ് ചെയ്തത്.

- Advertisement -

സാമൂഹ്യ-വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നത് വലിയ കാര്യമാണ്. അതിന്റെ അര്‍ത്ഥം അറിയാത്തവര്‍ പുലമ്പുന്നതിനോട് എന്ത് പ്രതികരിക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. വിഷ്ണുനാഥ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് കെപിസിസി നേതൃത്വുമായി ആലോചിച്ചതിന് ശേഷമാകുമെന്നും അതേപ്പറ്റി തനിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇഫ്താര്‍ വിരുന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി സി വിഷ്ണുനാഥ് പങ്കെടുത്തതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോയെന്ന് കെ വി തോമസ് ചോദിച്ചു. വിഷ്ണുനാഥ് പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണോ എന്ന് വ്യക്തമാക്കണം. കെ റെയില്‍ സമരം അവസാനിപ്പിച്ചോ?. പൊലീസിന്റെ നിലപാട് സൗഹൃദപരമായി മാറിയോ? അതുകൊണ്ടാണോ മുഖ്യമന്ത്രി വിളിച്ച പരിപാടിയില്‍ പങ്കെടുത്തത്?.അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ കത്ത് കൂടി പരിഗണിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.