ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് അടിയന്തര ഇടപെടലിലൂടെ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍വി രമണ തടഞ്ഞിരുന്നു.
കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ ജമാഅത്തെ ഉലമ ഇ ഹിന്ദും മറ്റ് മൂന്നു പേരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിക്കല്‍ നടപടിയുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുപോയതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ചട്ടപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയായിരുന്നു നടപടി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടപടിയെന്നും ദവെ പറഞ്ഞു.
- Advertisement -
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കില്‍ സൈനിക ഫാമുകളിലും ഗോള്‍ഫ് ലിങ്കുകളിലുമാണ് ഉദ്യോഗസ്ഥര്‍ പോകേണ്ടിയിരുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഡല്‍ഹിയിലെ രണ്ടു കെട്ടിടങ്ങളില്‍ ഒന്നു വീതം അനധികൃതമാണ്. തെക്കന്‍ ഡല്‍ഹിയിലെ ആഢംബര കേന്ദ്രങ്ങളില്‍ പലതും അനധികൃതമാണ്. അതൊന്നും ലാക്കാക്കാതെ പാവപ്പെട്ടവരെയാണ് ലക്ഷ്യമിടുന്നത്- സിബല്‍ പറഞ്ഞു.
മുസ്ലിംകളുടെ കെട്ടിടങ്ങള്‍ മാത്രമാണോ പൊളിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത് മന്ത്രിമാര്‍ തന്നെ പറയുന്നതാണെന്നായിരുന്നു അഭിഭാഷകരുടെ മറുപടി.
നോട്ടീസ് നല്‍കിയിരുന്നെന്നും ചെറിയ കടകളും മറ്റുമാണ് പൊളിച്ചുനീക്കിയതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ചെറിയ കടകള്‍ പൊളിക്കാന്‍ എന്തിനാണ് ബുള്‍ഡോസറുമായി എത്തിയതെന്ന ചോദ്യത്തോടെയാണ് കോടതി പ്രതികരിച്ചത്. സുപ്രീം കോടതിയുടെ സ്‌റ്റേ ഉത്തരവു വന്നിട്ടും പൊളിക്കല്‍ തുടര്‍ന്നര്‍ ഗൗരവത്തോടെ കാണുന്നതായി കോടതി വ്യക്തമാക്കി.
പൊളിക്കലിനെതിരെ സിപിഎം നേതാവ് ബൃന്ദാ കാരാട്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്. എല്ലാ ഹര്‍ജിയിലും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി.
- Advertisement -