Ultimate magazine theme for WordPress.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

0

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ശങ്കരനാരായണന്‍. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍.മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളില്‍ അദ്ദേഹം ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. നിരവധി തവണ കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 1985 മുതല്‍ 2001 വരെയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ചുമതല അദ്ദേഹം നിര്‍വഹിച്ചത്.

1977ല്‍ തൃത്താലയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭാംഗമായത്. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി സി കബീറിനോടും പരാജയപ്പെട്ടു. 1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായും 1977-1978ല്‍ കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ കെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ,എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

- Advertisement -

Leave A Reply

Your email address will not be published.