Ultimate magazine theme for WordPress.

കേരളത്തിൽ ദേശീയ ഭവനപാർക്ക്‌ ഉടൻ നിർമ്മിക്കും : മന്ത്രി കെ രാജൻ

സ്വയം പര്യാപ്ത ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു

0

പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കാൻ കേരളത്തില്‍ ദേശീയ ഭവന പാർക്ക്‌ നിർമ്മിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഭവനങ്ങളുടെ മാതൃകകളും നിര്‍മ്മിക്കാനാവശ്യമായ പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും ഒരു കുടകീഴിൽ ഒരുക്കുകയാണ് ഭവന പാർക്കിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാട്ടാക്കടയിൽ സ്വയം പര്യാപ്ത ഭവന സമുച്ചയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭവന പാര്‍ക്കിന് രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രയുടെ(കെസ്‌നിക്) സഹായത്താല്‍ വൈകാതെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 16 വീടുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എല്ലാവർക്കും വീട് എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് സ്വയം പര്യാപ്ത ഭവന സമുച്ചയം എന്ന ആശയം നടപ്പിലാക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രവും കാട്ടാക്കട ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ആരോഗ്യപരമായ ജീവിതശൈലി കൂടി ലക്ഷ്യമിടുന്നു. വാസഗൃഹത്തിനൊപ്പം ജീവിതോപാധി ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമുച്ചയത്തിൽ 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 30 വാസഗൃഹങ്ങൾ ആണ് നിർമ്മിക്കുക.

ചന്ദ്രമംഗലം മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.ബി സതീഷ് എം. എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദു ലേഖ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ കുമാർ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, നിർമിതി കേന്ദ്രയുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.