Ultimate magazine theme for WordPress.

അപകീർത്തി കേസ്; കെ സുരേന്ദ്രൻ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകേണ്ട, ഇളവ് അനുവദിച്ച് ഹൈക്കോടതി

0

കൊച്ചി: വിവാദ ദല്ലാൾ ടിജി നന്ദകുമാറിന്റെ പരാതിയിലെടുത്ത അപകീർത്തി കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഇളവ് അനുവദിച്ച് ഹൈക്കോടതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാളെ ഹാജരാകണമെന്നു നോട്ടീസ് ലഭിച്ചിരുന്നു.

‌അതിനിടെയാണ് ഹൈക്കോടതി ഇടപെടൽ. സുരേന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് വിജി അരുണാണ് ഇളവ് അനുവദിച്ചത്. ​ഹർജിയിൽ പരാതിക്കാരനായ ടിജി നന്ദകുമാറിനു ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ ‘കട്ടുകള്ളൻ’ ‘വി​ഗ്രഹം മോഷ്ടിച്ചയാൾ’ എന്നിങ്ങനെ സുരേന്ദ്രൻ വിളിച്ചു എന്നും ഇത് അപകീർത്തികരമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് നന്ദകുമാർ പരാതി നൽകിയത്. സുരേന്ദ്രൻ പരസ്യമായി മാപ്പു പറയുക, ഇല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക എന്നായിരുന്നു പരാതി.

- Advertisement -

എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകൾ നടത്തില്ലെന്നും സുരേന്ദ്രൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരനെതിരെ നടത്തിയെന്നു പറയുന്ന പ്രയോ​ഗങ്ങൾ പൊതു മാധ്യമത്തിലുള്ളതാണെന്നും മാധ്യമങ്ങളുൾപ്പെടെ പ്രസിദ്ധീകരിച്ചതാണ്. അതിനാൽ ഇതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നും സുരേന്ദ്രൻ വാദിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് വിവാദ സംഭവം. ബിജെപി പത്തനംതിട്ട സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണി, സിബിഐ സ്റ്റാന്റിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നു നന്ദകുമാർ അരോപിച്ചിരുന്നു. പിന്നാലെയാണ് സുരേന്ദ്രനും അനിൽ ആന്റണിയും നന്ദകുമാറിനെതിരെ രം​ഗത്തെത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.