ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം നടപടിയെടുത്തെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയത്.
അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകാൻ ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷയ്ക്കു വേണ്ടി കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നും കേരളം കോടതിയെ അറിയിച്ചു.
- Advertisement -
മുല്ലപ്പെരിയാർ അണക്കെട്ടില്‍ പുതിയ സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകുന്നത് സജീവപരിഗണനയിലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനും വിലയിരുത്താനും വിദഗ്‌ധസമിതിക്ക് രൂപം കൊടുക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാൻ ആലോചിക്കുന്നതായും കോടതി വ്യക്തമാക്കി.
ഡാം സുരക്ഷാ നിയമം അനുസരിച്ച് ഡാം സുരക്ഷയ്‌ക്കുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ ജസ്‌റ്റിസ് ദീപാങ്കർദത്ത, ജസ്‌റ്റിസ് ഉജ്വൽ ഭുയാൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് കേന്ദ്രസർക്കാരിനെ വിമർശിച്ചു. അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി ഇതുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.
- Advertisement -