ഡല്‍ഹിയെ പാരീസ് പോലെ വൃത്തിയുള്ള നഗരമാക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ മാലിന്യം നിറഞ്ഞ ജലാശയത്തിന് ചുറ്റും നടക്കുന്ന വീഡിയോയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതാണ് കെജ്രിവാളിന്റെ തിളങ്ങുന്ന ഡല്‍ഹി എന്ന് കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. എല്ലായിടത്തും ഇതേ സാഹചര്യമാണെന്നും രാഹുല്‍ വ്യക്തമാക്കി.
ഡല്‍ഹിയെ പാരീസും ലണ്ടനും പോലെ വൃത്തിയുള്ള നഗരമാക്കുമെന്ന് 2019ല്‍ കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. റോഡ്, ആശുപത്രി എന്നിവ ഉള്‍പ്പടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും യമുന ശുദ്ധീകരിക്കുമെന്നും അന്ന് കെജ്‌രിവാള്‍ പറഞ്ഞു. വിലക്കയറ്റവും മലിനീകരണവും തടയാന്‍ എഎപി ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് എം പിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് കെജ് രിവാളിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. വോട്ടിനായി ബിജെപി പണം വിതരണം ചെയ്യുന്നു എന്ന് ആവര്‍ത്തിച്ച് അരവിന്ദ് കെജ് രിവാള്‍ ആവര്‍ത്തിച്ചു. വോട്ടര്‍മാരെ തങ്ങള്‍ വിലക്കെടുക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ വോട്ട് പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല എന്ന മറുപടി ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കണം. വോട്ടിനായി പണം നല്‍കുന്നത് തന്റെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കൂടിയും വോട്ട് നല്‍കരുത് – കെജ്‌രിവാള്‍ വ്യക്തമാക്കി.
- Advertisement -