Ultimate magazine theme for WordPress.

‘അതിജീവിതയോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക, ആ നിലവിളികളെ പാട്ടിലേയ്ക്കാവാഹിക്കണം’

0

കൊച്ചി: റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി അതിജീവിതയോട് മാപ്പുപറയണമെന്ന് സാഹിത്യകാരി സാറ ജോസഫ്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് അതിജീവിതയോട് മാപ്പപേക്ഷിക്കണമെന്നും ലൈംഗികാതിക്രമങ്ങള്‍ ജാതിക്കൊലപോലെ നീതികിട്ടാതെ പോവുന്ന ഒന്നാണെന്നും സാറ ജോസഫ് ഫെയ്ബുക്കില്‍ കുറിച്ചു.

ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ നിലവിളികളായി മണ്ണിനടിയില്‍ നിന്ന് ആഞ്ഞുയരുന്നത് വേടന്‍ കേള്‍ക്കണമെന്നും ജാതിവെറി, ദലിത് പീഡനം, ലൈംഗികാതിക്രമം, പുരുഷാധികാരം തുടങ്ങി അതിജീവിത മുന്നോട്ടുവെച്ച പ്രശ്നങ്ങള്‍ വേടന്‍ തിരിച്ചറിഞ്ഞ് മാപ്പപേക്ഷിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

- Advertisement -

കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിലെ പ്രതിയായ വേടന് നേരെ ഉയര്‍ന്ന മീ ടൂ കേസുകള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. വേടന്‍ എന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ് മാപ്പ്പറയണമെന്ന് അതിജീവിത കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

വേടാ, ‘എന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ് വേടന്‍ മാപ്പു പറയണം’ എന്ന് അതിജീവിതയായവള്‍ കേരളീയം വഴി ആവശ്യപ്പെട്ടിരിയ്ക്കുന്നു. ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ നിലവിളികളായി മണ്ണിനടിയില്‍ നിന്ന് ആഞ്ഞുയരുന്നത് നീ കേള്‍ക്കണം. അതില്‍ കുഞ്ഞുപെണ്‍മക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സില്‍ നിന്ന് മായരുത്. ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്, നിന്റെ ചേച്ചിമാരുടെ, അനിയത്തിമാരുടെ, സ്നേഹിതമാരുടെ, അമ്മമാരുടെ നേര്‍ക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ എന്ന് നീ തിരിച്ചറിയണം. ഒരു ദലിത് പെണ്‍കുട്ടി സമൂഹത്തില്‍ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വര്‍ണ്ണവിവേചനം, വര്‍ഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം. ഇവരെപ്പറ്റിയൊക്കെ നീ പാടണം.

മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേള്‍ക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം. അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കില്‍ നിന്റെ മനസ്സില്‍ കുറ്റബോധമില്ലാതിരിക്കണം. മുകളില്‍ പറഞ്ഞ അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക. ഇതുവരെ ചെയ്തവരുടേതല്ലാ നിന്റെ വഴി. നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്. – തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സാറാ ജോസഫ് എഴുതുന്നു.

- Advertisement -

Leave A Reply

Your email address will not be published.