മാവോയിസ്റ്റ് സുപ്രീം കമാന്‍ഡര്‍, ബിടെക് ബിരുദധാരി, അറിയപ്പെട്ടത് അഞ്ചു പേരുകളില്‍, ആരാണ് ഛത്തിസ്ഗഢില്‍ കൊല്ലപ്പെട്ട ബസവ രാജു?
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയില്‍ രണ്ട് ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ 27 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. അക്കൂട്ടത്തില്‍ നിരോധിത സംഘടനയായ സിപിഐ-മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറിയും സുപ്രീംകമാന്‍ഡറുമായ നംബാല കേശവ റാവു എന്ന ബസവ രാജുവും ഉണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടായുള്ള മാവോയിസ്റ്റു വിരുദ്ധ നീക്കങ്ങളിൽ ആദ്യമായാണ് ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത്. ബസവ രാജുവുവിനെ വധിച്ചുവെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു.
ആരാണ് ബസവ രാജു?
2018 മുതല്‍ ഔദ്യോഗികമായി മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് ബസവ രാജു. ഒരു കോടി രൂപയായിരുന്നു ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കോളജിലെ വിദ്യാർഥി യൂണിയന്‍ നേതാവില്‍ നിന്ന് പാര്‍ട്ടി തലപ്പത്തേക്കുള്ള ബസവ രാജുവിന്‍റെ വളര്‍ച്ച വളരെ വേഗമായിരുന്നു.
- Advertisement -
ആന്ധ്രപ്രദേശിലെ ശ്രീകാകുളമാണ് നംബാല കേശവ റാവു എന്ന ബസവ രാജുവിന്‍റെ ജന്മസ്ഥലം. വാറംഗലിലെ റീജ്യനൽ എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് റാഡിക്കൽ സ്റ്റുഡന്റ് യൂണിയന്റെ ബാനറില്‍ ബസവ രാജു മത്സരിക്കുന്നത്. 1980 കളോടെ വിദ്യാർഥി സംഘടനയുടെ അവിഭാജ്യ ഘടകമായി ബസവ രാജു മാറി. ബിടെക് ബിരുദ ധാരിയാണ് രാജു.1985-കളില്‍ ബസവ രാജു ഒളിവിലായിരുന്നു. അക്കാലത്ത് പല സുപ്രധാന ഓപറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്നത് ബസവരാജുവായിരുന്നുവെന്ന് തെലങ്കാനയിലെ മുതിര്‍ന്ന ഇന്‍റലിജന്‍സ് ഓഫീസര്‍ പറയുന്നു. 2004-ൽ പീപ്ൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിപ്പിച്ച് സിപിഐ-മാവോയിസ്റ്റ് രൂപീകരിച്ചു. നിരോധിത സംഘടനയുടെ തെക്കൻ, വടക്കൻ കമാൻഡുകൾക്കിടയിലെ കണ്ണിയായിരുന്നു ബസവ രാജു. ജനറൽ സെക്രട്ടറി ആയിരുന്ന ഗണപതി അഥവാ മുപ്പല കേശവ റാവു പ്രായത്തിന്‍റെ പ്രശ്നങ്ങള്‍ മൂലം സ്ഥാനമൊഴിഞ്ഞപ്പോഴാണ് ബസവ രാജു ആ സ്ഥാനം ഏറ്റെടുക്കുന്നത്. സേനാംഗങ്ങള്‍ക്കു സായുധ പരിശീലനം നല്‍കുന്നതിലും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ബസവ രാജുവാണ് ചുക്കാന്‍ പിടിച്ചിരുന്നത്. പ്രകാശ്, കൃഷ്ണ, വിജയ്, ഉമേഷ്, കാമലു തുടങ്ങി പല പേരുകളിലാണ് സംഘടനയില്‍ രാജു അറിയപ്പെട്ടിരുന്നത്.ബസവ രാജുവിന്‍റെ മരണം സംഘടനയ്ക്ക് വലിയ ആഘാതം ഉണ്ടാക്കാനിടയുണ്ട്. മാവോയിസ്റ്റ് സംഘടനയുടെ ഭാവിയെക്കുറിച്ചു പോലും അതു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായാണ് വിലയിരുത്തല്‍. കാരണം ബസവ രാജുവിനെ പോലെ കേഡറുകളെ ഒരുമിച്ച് കൊണ്ടുവരാൻ പാർട്ടിയിൽ മറ്റാരുമില്ല. അടുത്തകാലത്തായി പാർട്ടിയിലേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ ഉണ്ടായിട്ടില്ല. അവശേഷിക്കുന്ന മാവോവാദികളോട് കൂടി കീഴടങ്ങാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഛത്തീസ്ഗഡിൽ ഈ വർഷം മാത്രം 200 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ് പറയുന്നു.
- Advertisement -