തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മുഖ്യമന്ത്രിയുടെ മൗനം തുടരുന്നു. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും മുഖ്യമന്ത്രി മൗനംവെടിഞ്ഞില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എം. നേതാക്കളുടെ വിശദീകരണം. പറയേണ്ടത് പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് എസ്. രാമചന്ദ്രന്‍ പിള്ളയും തോമസ് ഐസക്കും പ്രതികരിച്ചു.
പൊതുവേ, സര്‍ക്കാര്‍കാര്യങ്ങള്‍ വിശദീകരിക്കാനല്ലാതെ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രിക്ക് കുറവാണ്. അതേസമയം, പൊതുവിഷയങ്ങളിലടക്കം സാമൂഹികമാധ്യമങ്ങളിലൂടെ നിലപാട് വിശദീകരിക്കാറുണ്ട്. തൃക്കാക്കരഫലത്തെക്കുറിച്ച് ഇതുവരെ ആ രീതിയിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിട്ടില്ല.
- Advertisement -
മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത്. ”ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയത്. അതിനനുസരിച്ച് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയുടെ പ്രതികരണമാണ്. ഓരോ വ്യക്തിയും ഇതില്‍ പ്രതികരിക്കേണ്ടതില്ല” -എസ്.ആര്‍.പി. പറഞ്ഞു.
- Advertisement -