Ultimate magazine theme for WordPress.

ഇനി കലയുടെ വസന്ത കാലം; ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും

0

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച തിരിതെളിയും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കോവിഡ് മൂലം 2020ല്‍ മുടങ്ങിയ ബിനാലെയാണ് രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്നത്. ബിനാലെ ആരംഭിച്ചതിന്റെ 10-ാംവാര്‍ഷികവുമാണിത്. ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഷുബിഗി റാവുവാണ് അഞ്ചാംപതിപ്പിന്റെ ക്യുറേറ്റര്‍.’നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തില്‍ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദര്‍ശനം ഏപ്രില്‍ 10 വരെ നീളും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിന് ഉണ്ടാകും.

- Advertisement -

കലാ വിദ്യാര്‍ഥികള്‍ പങ്കാളികളാകുന്ന സ്റ്റുഡന്റ്‌സ് ബിനാലെയും കുട്ടികളുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ബിനാലെയും ഇതോടൊപ്പം നടക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, വിവിധ കലാ അവതരണങ്ങള്‍ എന്നിവയും അരങ്ങേറും.

സന്ദര്‍ശകര്‍ക്കുള്ള  ടിക്കറ്റുകള്‍ പ്രദര്‍ശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 150  രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ച തുടര്‍ച്ചയായി പ്രദര്‍ശനനഗരി സന്ദര്‍ശിക്കാനുള്ള ടിക്കറ്റിന് 1000 രൂപയാണ്. മാസനിരക്ക് 4000 രൂപ.

ഫോര്‍ട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമെ എറണാകുളം നഗരമധ്യത്തിലും ബിനാലെ വേദിയുണ്ട്. കേരളത്തിലെ മികച്ച 34 കലാകാരന്മാരുടെ 150 സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലാണ്. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കുപുറമെ കബ്രാള്‍ യാര്‍ഡ്, ടികെഎം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളും വേദിയാണ്. ഷുബിഗി റാവു ക്യുറേറ്റ് ചെയ്ത 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ ഇവിടെ  പ്രദര്‍ശിപ്പിക്കും.

മുസിരിസിന്റെ ചരിത്രക്കാഴ്ച കാശി ആര്‍ട്ട് കഫെയിലെയും ഡച്ച് വെയര്‍ഹൗസിലെയും പ്രദര്‍ശനത്തിലുണ്ടാകും. കബ്രാള്‍ യാര്‍ഡില്‍ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചൊരുക്കിയ താല്‍ക്കാലിക പവിലിയനിലാണ് സെമിനാറുകളും ചര്‍ച്ചകളും കലാവതരണങ്ങളും നടക്കുക. 150 പേര്‍ക്ക് ഇരിപ്പിടമുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.