Ultimate magazine theme for WordPress.

ഇടുക്കിയിലെ വിനോദകേന്ദ്രങ്ങൾ തമിഴ്‌നാട്ടിലാണെന്ന് ഗൂഗിൾ; കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വീണ്ടും തലവേദന

0

ഇടുക്കി: പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിലെ കുറവൻ-കുറത്തി ശില്പമടക്കം ഇടുക്കി ജില്ലയുടെ പ്രധാന അതിർത്തി പ്രദേശങ്ങളെല്ലാം ഗൂഗിൾ മാപ്പിന് തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ.

ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള രാമക്കൽമേട്, അവിടത്തെ കുറവൻ കുറത്തി ശില്പം എന്നിവ തമിഴ്‌നാടിന്റെ ഭാഗമാണെന്നാണ് ഗൂഗിൾമാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ ഹോംസ്റ്റേകളും റിസോർട്ടുകളും തമിഴ്‌നാട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള – തമിഴ്‌നാട് അതിർത്തിയിലെ കമ്പംമെട്ട് ചെക്‌പോസ്റ്റും കേരളാ പൊലീസ് സ്റ്റേഷനുമെല്ലാം ഗൂഗിളിന്റെ കണക്കിൽ തമിഴ്‌നാട്ടിലാണ്. കേരളത്തിലുള്ള ചോറ്റുപാറ, ചതുരംഗപ്പാറ വ്യൂപോയിന്റ്, തേവാരം മലനിരകൾ, ബാലൻപിള്ള സിറ്റി, മതികെട്ടാൻചോല, കൊളുക്കുമല തുടങ്ങിയ ഭാഗങ്ങളും മാപ്പിൽ തമിഴ്നാട്ടിലാണ്. കമ്പംമെട്ടിലെ കേരളാ വനംവകുപ്പ്, എക്സൈസ്, നികുതി വകുപ്പ് ഓഫീസുകളൊന്നും മാപ്പിൽ കാണാനുമില്ല. സംസ്ഥാന പൊതുഭരണവകുപ്പാണ് ഇക്കാര്യം ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തിക്കേണ്ടത്. നേരത്തെ റിസോർട്ട് ഉടമകൾ പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഉടുമ്പഞ്ചോല തഹസിൽദാർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുശേഷം മാപ്പിൽ കൂടുതൽ പ്രദേശങ്ങൾ തമിഴ്‌നാട്ടിലേക്ക് ചേർത്തതായാണ് കാണുന്നത്. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.

- Advertisement -

വിനോദസഞ്ചാരകേന്ദ്രങ്ങൾ മാപ്പിൽ തമിഴ്‌നാട്ടിലാകുമ്പോൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. രാമക്കൽമേട് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തമിഴ്‌നാട്ടിലാണെന്ന് കരുതി കേരളത്തിലുള്ള പലരും ഇവിടേക്ക് വരില്ല. അതേസമയം തമിഴ്‌നാട്ടിൽ നിന്ന് നിരവധി ഫോൺകോളുകൾ ഹോംസ്റ്റേ, റിസോർട്ട് ഉടമകൾക്ക് ലഭിക്കുന്നുമുണ്ട്. സ്ഥലം കേരളത്തിലാണെന്ന് അറിയുമ്പോൾ കൊവിഡ് നിയന്ത്രണങ്ങളാൽ അതിർത്തി കടന്നു വരുന്നതിനുള്ള ബുദ്ധിമുട്ടും മറ്റും കാരണം ഭൂരിഭാഗവും പിൻവാങ്ങുന്നു.

കേരളവും തമിഴ്‌നാടും തമ്മിൽ വർഷങ്ങളായി ഇവിടെ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ തമിഴ്‌നാട് രാമക്കൽമേടിന് മേൽ അവകാശവാദമുന്നയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് കുറവൻകുറത്തി ശില്പത്തിനു സമീപം തമിഴ്‌നാട് വനംവകുപ്പ് കിടങ്ങ് നിർമ്മിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. കേരളത്തിന്റെ എതിർപ്പിനെ തുടർന്നാണ് ഇതു മൂടിയത്.

- Advertisement -

Leave A Reply

Your email address will not be published.