‘നെഹ്‌റു കുടുംബം ഇല്ലാത്ത കോണ്‍ഗ്രസിനൊപ്പം ജനങ്ങളുണ്ടാകില്ല’; ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നു, ഇനി കേരളത്തിലെന്ന് ആന്റണി
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍നിന്ന് ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചു. 1984 മുതല്‍ പ്രവര്‍ത്തക സമിതിയിലുണ്ട്. ഇന്ദിരാ ഗാന്ധി മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. സംഘടനാതലത്തില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഴയ വേഗത്തില്‍ സഞ്ചരിക്കാനാകുന്നില്ല. പ്രായം വേഗം കുറയ്ക്കും. പാര്‍ട്ടി അനുവദിക്കുന്നതുവരെ ഇന്ദിര ഭവനിലെ ഓഫീസ് മുറിയിലുണ്ടാകും. കേരളത്തില്‍ തന്നെപ്പോലെ അവസരം ലഭിച്ച മറ്റൊരാള്‍ പാര്‍ട്ടിയിലില്ല. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനത്തിന്റെ സ്വഭാവം സഹപ്രവര്‍ത്തകരോട് ആലോചിച്ചു തീരുമാനിക്കും. കേരളത്തില്‍ പാര്‍ട്ടിക്ക് ഏതെങ്കിലും നിലയില്‍ പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
- Advertisement -
കോണ്‍ഗ്രസിനെ നെഹ്‌റു കുടുംബം തന്നെ നയിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തിന്റെ സാന്നിധ്യമില്ലാത്ത നേതൃത്വം കോണ്‍ഗ്രസിനു ഗുണമാകില്ല. ആ കോണ്‍ഗ്രസിനൊപ്പം നേതാക്കളും ജനങ്ങളുമുണ്ടാകില്ല. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ സഖ്യത്തിനും നിലനില്‍പ്പില്ല.
രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല. പത്തോ പതിനഞ്ചോ വര്‍ഷം എന്നത് ചരിത്രത്തില്‍ ചെറിയ കാലയളവാണ്, ഇതു കടന്നുപോകും. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ആന്റണി പറഞ്ഞു.
- Advertisement -