Ultimate magazine theme for WordPress.

‘മതവിദ്യാഭ്യാസം ഇല്ലാതാക്കും’; സ്‌കൂള്‍ സമയ മാറ്റ ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ്

0

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തന സമയം മാറ്റാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. ശുപാര്‍ശ നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് സലാം പറഞ്ഞു.

- Advertisement -

 

മതവിദ്യാഭ്യാസത്തിന് വിലങ്ങാകുന്ന വിധത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ സമയമാറ്റം അരുത്. ശുപാര്‍ശ അംഗീകരിക്കരുത്. ശുപാര്‍ശയില്‍ തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തണം. വഖഫ് വിഷയം പോലെ സര്‍ക്കാരിന് ഇതിലും അബദ്ധം പറ്റരുതെന്നും സലാം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ കേരളത്തിലെ മതസംഘടനകള്‍ക്കൊപ്പം മുസ്ലിം ലീഗ് ഉറച്ചു നില്‍ക്കുന്നതായി പിഎംഎ സലാം വ്യക്തമാക്കി. സ്‌കൂള്‍ പഠന സമയം രാവിലെ 8 മുതല്‍ 1 മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. സ്‌കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങള്‍ക്ക് മാറ്റിവെക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്‌സിനും കമ്മിറ്റി ശുപാര്‍ശ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്‌സെന്നാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

സര്‍ക്കാരിന്റെ സ്‌കൂള്‍ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാര്‍ശ മദ്രസ പ്രവര്‍ത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമര്‍ശനം. പിന്നില്‍ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുമെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചിരുന്നു.

ആരോപണം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ജാള്യത മറയ്ക്കാന്‍

മുസ്ലീം ലീഗ് ആണ് എസ്ഡിപിഐയെ വളര്‍ത്തുന്നതെന്ന സിപിഎം നേതാവ് എംവി ജയരാജന്റെ ആരോപണത്തെയും സലാം വിമര്‍ശിച്ചു. എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കുളള ജാള്യത മറയ്ക്കാനാണോ ഇത്തരം പരാമര്‍ശം എന്നറിയില്ല. സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനുള്ള അമിത ആവേശമാണ് അദ്ദേഹത്തിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.